Monday, February 11, 2013

തെരുവ് 
സൈഫു കണ്ണൂര്‍ 
______________________________
ഒരു പകലിന്റെ തളര്‍ച്ച പേറും
ഇരുള്‍ നിറഞ്ഞ ഇടനാഴികളുടെ 
മുഷിഞ്ഞു നിറം മങ്ങിയ വഴിയരികില്‍ 
തളര്‍ന്നുറങ്ങുന്ന ശ്വാനര്‍

നിരന്തരം ഉപയോഗവസ്തുവാക്കിയതിന്റെ 
കെറുവ് തീര്‍ക്കാന്‍ ഭക്ഷണശാലയിലെ
അടുക്കളയില്‍ കുളിപ്പിക്കുന്നവനോട്
കലമ്പുന്ന പാത്രങ്ങളുടെ കലപില ശബ്ദം

വാഹനങ്ങളുടെ ഇരമ്പലില്‍ നിന്നും
മുക്തമായ് തളര്‍ന്നു മയങ്ങുന്ന പരിസരം
നേരിയ കാറ്റിന്റെ സുഖത്തലോടലില്‍
രോമാഞ്ചമണിഞ്ഞു പു ഞ്ചിരിക്കുംപോലെ

പീടികമുറിയുടെ ഇറയത്ത്‌
ഒരു പകല്‍മുഴുവന്‍ ഭാരം പേറിയ
രണ്ടു കയര്‍ ഹൂക്കുകള്‍
കാറ്റില്‍ ആടുന്നുണ്ട്
തമ്മില്‍ പുണരാനെന്നോണം

ഇനിയെങ്ങോട്ടെന്നറിയാതെ
അപരിചിതമായ പട്ടണത്തില്‍
ഒരന്തെവാസിയുടെ
അങ്കലാപ്പോടെ ഞാനും ...
പ്രതീക്ഷിക്കുന്ന ഒരു വിളിയും കാത്ത്

No comments:

Post a Comment